ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Saturday, March 20, 2010

അവള്‍ (കഥ )


"മിണ്ടാതിരിക്ക്‌ മോനെ
കുറച്ചു നേരം , ഉപ്പ കുറച്ചു സ്വസ്ഥമായിരിക്കട്ടെ".
ഭാര്യയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.കുറച്ചുനേരമായി മോന്‍ എന്തോ ചോദിക്കുന്നുണ്ടാവും.
പുറത്തേയ്ക്ക് നോക്കി .സാന്ധ്യ ചോപ്പ് കാറിന്റെ ചില്ലില്‍ ചാഞ്ഞു പതിയ്കുന്നു. എയര്‍പോര്‍ട്ടിലെത്താന്‍ ഇനി ഏകദേശം പത്തുമിനിട്ട് ദൂരം മാത്രം . 
ഭാര്യയുടെ നേരെ നോക്കി പതുക്കെ ചിരിച്ചു.മോന്റെ തലയില്‍ തലോടി.
"ഞാനിന്നലെ മുതല്‍ ശ്രദ്ധിക്കുന്നു.ഏതോ ചിന്തകള്‍ അലട്ടുന്നുണ്ടല്ലോ?"
അവളുടെ ചോദ്യത്തിന് ഒരു ചിരിയില്‍ മറുപടി ഒതുക്കി, ഒന്നുമില്ലെന്ന് നടിയ്ക്കാന്‍ അയാള്‍ മകനുമായി തമാശ പറഞ്ഞു.
ഭാര്യയുടെ കണ്ണുകള്‍ തന്നെ അളക്കുന്നത് അവളുടെ നേരെ നോക്കാതെ തന്നെ അറിഞ്ഞു.
കാറ് എയര്‍പോര്‍ട്ടിന്റെ ഗേറ്റ് കടന്ന്‌  ഡൊമസ്റ്റിക് ടെര്‍മിനലിലേയ്ക്കുള്ള വഴിയെ തിരിഞ്ഞു.മകന്‍ ഇടപെട്ടു
"ഉപ്പാ,ഇതെന്താ ഇതിലെ!"
തെറ്റു മനസ്സിലായെങ്കിലും ഇങ്ങനേം പോകാമല്ലോ എന്ന് പറഞ്ഞ് വിഷയം മാറ്റി.
ഭാര്യയുടെ കണ്ണുകളിലെ വേവലാതി കണ്ടതായി ഭാവിച്ചില്ല.
കാറില്‍ നിന്നിറങ്ങി ,താക്കോല്‍ റഫീക്കിനെ ഏല്‍പ്പിച്ചു പറഞ്ഞു "നിങ്ങള്‍ നില്‍ക്കണ്ട,തിരിച്ചു പൊയ്ക്കോള്ളൂ ."
ട്രോളിയില്‍ ബാഗുകള്‍ കയറ്റിവച്ച്,മോന്റെ നിറുകയില്‍ ഉമ്മവച്ചു.ഭാര്യയുടെ കയ്യില്‍ പയ്യെ അമര്‍ത്തി ബൈ പറയുമ്പോഴും അയാളുടെ ശ്രദ്ധ ചുറ്റുമുള്ളവരിലായിരുന്നു.
ഹൃദയമിടിപ്പ്‌ കൂടുന്നതറിഞ്ഞു.ഈ യാത്രയിലെങ്കിലും വീണ്ടും കണ്ടുമുട്ടുമോ ? ഉള്ളില്‍ വല്ലാത്ത പ്രതീക്ഷ ,ആകാംക്ഷയും...
ടിക്കെറ്റ് ചെക്കിങ്ങും മറ്റു ഫോര്‍മാലിട്ടികളും കഴിഞ്ഞു.ഇനിയുള്ള സമയത്താണ് പ്രതീക്ഷ.ബോര്‍ഡിങ്ങിനായി കാത്തിരിക്കുന്നവരില്‍ ആ മുഖമുണ്ടോ?ഒന്നുരണ്ടു തവണ അങ്ങിട്ടുമിങ്ങോട്ടും നടന്നു.കറുത്ത നീളനുടുപ്പിട്ട ചിലരുടെ അടുത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പ്‌ കൂടിയെങ്കിലും താന്‍ തേടുന്ന മുഖമല്ല അവരുടെതെന്ന് അയാള്‍ വേഗം തിരിച്ചറിഞ്ഞു.ഇന്നെന്തായാലും അതു സംഭവിയ്ക്കുമെന്ന് ഉള്ളിലിരുന്ന് ആരോ ഉറപ്പിച്ചു പറയുന്നു!

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണത്‌.പതിവുള്ള ദുബായ് യാത്രകളിലൊന്ന്.അതിലേറെ പ്രാധാന്യമൊന്നും ആ യാത്രയ്ക്കുണ്ടായിരുന്നില്ല തുടക്കത്തില്‍ .ഇതേപോലെ ബോര്‍ഡിങ്ങിനായി കാത്തിരിക്കുമ്പോഴാണ് രണ്ടു വയസ്സ് തോന്നിയ്ക്കുന്ന കുഞ്ഞിന്റെ വിരല്‍ പിടിച്ച്, മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ മാറോടടുക്കി അവള്‍ തന്റെ മുന്നില്‍ വന്നു നിന്നത്.മടിച്ചു മടിച്ചാണ് കുഞ്ഞിനെ അടുത്ത സീറ്റില്‍ കിടത്തട്ടെ,ഒന്നു ശ്രധിയ്ക്കുമോ എന്ന് ചോദിച്ചത്.ഒട്ടും മടിയ്ക്കാതെ കുഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോള്‍ എന്തായിരുന്നു മനസ്സില്‍ എന്ന് ഇന്നോര്‍മ്മയില്ല.
സമാധാനത്തോടെ ,ചിണുങ്ങി കരയുന്ന മൂത്തകുട്ടിയുമായി ടോയ് ലെറ്റില്‍ പോയി തിരിച്ചുവന്ന അവള്‍ കുഞ്ഞിനെ വാങ്ങി തന്റെ അടുത്ത സീറ്റില്‍ ഇരുന്നു.വളരെ പെട്ടന്നാണ് താനവരുടെ രക്ഷകര്‍ത്താവായത്.കാത്തിരുപ്പ് നീണ്ടപ്പോള്‍ കുഞ്ഞുങ്ങളുമായി സ്നാക്സു വാങ്ങാന്‍ ഒരുമിച്ചു പോയി.  അവസാനം ബോര്‍ഡി ങ്ങിനുള്ള സാമയമായപ്പോള്‍ തന്റെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്ന മൂത്ത കുഞ്ഞിനെ തോളില്‍ കിടത്തി,തന്റെയും അവളുടെയും ബാഗുകള്‍ കയ്യിലെടുത്തു ഫ്ലൈറ്റില്‍ കയറുമ്പോള്‍  പിറകില്‍ ഇളയ കുഞ്ഞിനെ മാരോട് ചേര്‍ത്ത് അവളുമുണ്ടായിരുന്നു.
തന്റെയും,ഭാര്യയുടെയും ബന്ധുക്കളും പരിചയക്കാരും പലപ്പോഴും ആ ഫ്ലൈറ്റില്‍ യാത്രക്കാരായി ഉണ്ടാകാറുണ്ട് .അങ്ങനെ ആരെങ്കിലും കണ്ടാല്‍ , തനിയ്ക്ക് മറ്റൊരു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉണ്ടെന്നും,അവരെ കൂടെ ദുബായ്ക് കൊണ്ട് പോയെന്നുമാവും നാട്ടില്‍ പരക്കുന്ന കഥ എന്നയാള്‍ അല്‍പ്പം ഭയത്തോടെ ചിന്തിച്ചു ‌.എന്നാല്‍ അത്തരം പേടിയൊന്നും അവളില്‍ കണ്ടില്ല.ഫ്ലൈറ്റില്‍ അടുത്തടുത്ത സീറ്റല്ല എന്നതില്‍ വിഷമമുണ്ടെന്നു അവളുടെ ഭാവം വ്യക്തമാക്കി.സീറ്റില്‍ അവളെ ഇരുത്തി ,മൂത്ത കുഞ്ഞിനെ തന്റെ മടിയില്‍ കിടത്തിക്കൊള്ളാമെന്നു പറയുമ്പോഴേയ്ക്കും എയര്‍പോര്‍ട്ടില്‍വച്ചു മാത്രം  പരിചയപ്പെട്ടവരാണെന്ന  സത്യം അവരിരുവരും മറന്നുകഴിഞ്ഞിരുന്നു. യാത്രയിലുടനീളം തങ്ങള്‍ ഒനാണെന്ന ഭാവം അവര്‍ക്കിടയിലും സഹായാത്രക്കാരിലും ഉണ്ടായിരുന്നു.ദുബായിലെത്തിയപ്പോള്‍  മൂത്തകുഞ്ഞിനെ തോളില്‍ കിടത്തി അയാളും,പിറകില്‍ ചെറിയ കുഞ്ഞുമായി അവളും ഇറങ്ങി.അവളുടെ ലഗ്ഗേജുകൂടി വാങ്ങി ട്രോളിയില്‍ ഏറ്റുമ്പോള്‍ അതെല്ലാം താന്‍ ചെയ്യേണ്ടതാണെന്ന ഭാവം അയാളില്‍ മാത്രമല്ല,അവളിലുമുണ്ടായിരുന്നു. പുറത്തേയ്ക്കുള്ള വാതിലിലെത്താറായപ്പോള്‍  പെട്ടന്നാണ് അവളുടെ മൊബൈല്‍ ഫോണ്‍ ചിലച്ചത്.അവളെ കാത്തു ഭര്‍ത്താവ് വെളിയില്‍ നില്‍പ്പുണ്ടായിരുന്നു.ട്രോളിയില്‍ ബാഗുകള്‍ വച്ചുകൊടുത്തു.അതിനുമുകളില്‍ മൂത്ത കുട്ടിയെ ഇരുത്തി,ഒരു കൈ കൊണ്ട് ഇളയ കുഞ്ഞിനെ മാറോടു ചേര്‍ത്ത്‌ മറുകൈ കൊണ്ട് ട്രോളി ഉന്തി അവള്‍ നടന്നു.പാതി വഴി എത്തി ,തിരഞ്ഞു നോക്കി ,കൈവീശി യാത്ര പറയുമ്പോള്‍ അയാളുടെ  ഉള്ളില്‍ ഉള്ള വിങ്ങല്‍ അവളിലുമുണ്ടെന്നു കണ്ണുകള്‍ വ്യക്തമാക്കി.
എന്തുകൊണ്ടോ അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടാന്‍ തോന്നിയില്ല.മന:പൂര്‍വ്വം വളരെ സാവധാനം നടന്നു.അവര്‍ വണ്ടിയില്‍ കയറി പോകുന്നത് കാണാന്‍ തന്റെ മന:സ് ഇഷ്ട്ടപ്പെടുന്നില്ലെന്നു തെല്ലത്ഭുതത്തോടെ അയാള്‍ അറിഞ്ഞു.കുറേ ഏറെ നാളുകള്‍ മധുരമുള്ള ഒരാസ്വസ്ഥതയായി അവള്‍ ഉള്ളില്‍ തങ്ങി നിന്നു.
മാസങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ വന്നു മടങ്ങുമ്പോഴേയ്ക്കും അവളും കുഞ്ഞുങ്ങളും അയാളുടെ ഉള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നു.എന്നാല്‍ അതേ ഫ്ലൈറ്റില്‍ ബോര്‍ഡിങ്ങിനായി കാത്തിരിയ്ക്കുമ്പോള്‍ പെട്ടന്ന് കഴിഞ്ഞ യാത്രയിലെ രംഗംഗം മന:സ്സിലെയ്ക്ക് വന്നു , ഒപ്പം അവളെ ഒന്നുകൂടി കാണാനുള്ള മോഹവും.കുറത്ത ,നീളന്‍ മേല്‍ക്കുപ്പായമണിഞ്ഞ സ്ത്രീകളുടെ ഒക്കെ അരികിലൂടെ നടന്നു .താന്‍ തേടുന്ന മുഖം മാത്രം കണ്ടില്ല.നിരാശ തോന്നി.ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് വന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ്‌ ,ബാഗ് തോളില്‍ തൂക്കി തിരിയുമ്പോഴാണ് കണ്ടത് ,പിറകില്‍ കുഞ്ഞിനെ എടുത്തു അവള്‍ !  കൂടെ മൂത്തകുട്ടിയുടെ കൈപിടിച്ച് ഭര്‍ത്താവും. അവള്‍ തന്നെ കണ്ടിട്ടില്ല.പക്ഷെ ആള്‍ക്കൂട്ടത്തില്‍ അവളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി പരതുന്നു.തന്റെ ഹൃദയം വല്ലാതെ ക്രമംതെറ്റി മിടിയ്ക്കുന്നത് അയാളറിഞ്ഞു.എങ്ങനെയും അവളുടെ ശ്രദ്ധ നേടണം.അനാവശ്യമായി അവര്‍ നില്‍ക്കുന്നതിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചു.പെട്ടന്ന് അവള്‍ തന്നെ കണ്ടു.എന്തോപറയാന്‍ മുമ്പോട്ടാഞ്ഞ അവള്‍ ഭര്‍ത്താവിന്റെ സാന്നിധ്യം ഓര്‍മ്മിച്ച് സ്വയം നിയന്ത്രിയ്ക്കുന്നതു കണ്ടു.എങ്കിലും കണ്ണിലെ തിളക്കം,എന്തൊക്കെയോ പറയാനുള്ള വെമ്പല്‍ ...അവള്‍ക്കുമാത്രം കാണാവുന്ന രീതിയില്‍ പതുക്കെ ചിരിച്ചു,അവളും.തങ്ങള്‍ തമ്മില്‍ എന്തോ മുജ്ജന്മ ബന്ധമുണ്ടെന്ന തോന്നല്‍ ഉള്ളില്‍ .
ഫ്ലൈറ്റില്‍ ഇരിയ്ക്കുമ്പോഴും അവളുടെ കണ്ണുകള്‍ തന്നെതെടി വരുന്നത് സുഖകരമായൊരു നൊമ്പരത്തോടെ അറിഞ്ഞു.ദുബായിലെത്തിയപ്പോള്‍ വിമാനമിറങ്ങിയ താന്‍ അവളുടെ പ്രതികരണം മനസ്സിലാക്കാന്‍ വേണ്ടി കാണാമറയത്തെയ്ക്കു മാറിനിന്നു വീക്ഷിച്ചു.തന്നെ കാണാതായപ്പോള്‍ അവളുടെ കണ്ണിലെ വേവലാതിയും,വീണ്ടും കണ്‍ മുന്നിലെത്തിയപ്പോഴത്തെ ആശ്വാസ ഭാവവും ഉള്ളിലല്‍പ്പം കുസൃതിയോടെ അയാള്‍ ആസ്വദിച്ചു.അല്‍പ്പ സമയത്തിനുള്ളില്‍ രണ്ടു വഴി തിരിയുമെന്ന ഓര്‍മ്മ ഒരു നോവായി ഉള്ളില്‍ നിറഞ്ഞു.ഗേറ്റിനു വെളിയില്‍ എത്താരായ അവള്‍ തിരിഞ്ഞു നോക്കി.അവളുടെ കണ്ണുകളിലും അതേ നോവുണ്ടെന്നറിഞ്ഞു.
പിന്നീടുള്ള ഓരോ യാത്രകളിലും പര്‍ദ്ദയണിഞ്ഞ ഓരോ സ്ത്രീകളിലും അവളെ തേടി.
ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് ചിന്തകളില്‍ നിന്നും ഉണര്‍ത്തി.ഈ യാത്രയില്‍ എന്താണാവോ , മന‍സ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു.ഇന്നലെ മുതല്‍ തുടങ്ങിയതാണീ അസ്വസ്ഥത.തങ്ങള്‍ വീണ്ടും കണ്ടു മുട്ടണമെന്നാണ്  നിയോഗമെങ്കില്‍ ഇന്നു കാണുമെന്നു വല്ലാത്തൊരു വിശ്വാസം ഉള്ളില്‍ !ബാഗ് തോളില്‍ തൂക്കി എഴുന്നേറ്റു.ഒരുവട്ടംകൂടി ചുറ്റുംനോക്കി.പെട്ടന്നാണതു കണ്ടത്.പിന്നില്‍ നില്‍ക്കുന്ന പര്‍ദ്ദയണിഞ്ഞ സ്ത്രീ , മുഖവും മറച്ചിരിയ്ക്കുന്നു.  പക്ഷെ ആ കണ്ണുകള്‍ ! ദൈവമേ..ഇതുതന്നെയല്ലേ ഞാന്‍ തേടുന്ന മുഖം!ആ കണ്ണുകള്‍ തന്നെതന്നെയല്ലേ നോക്കുന്നത്?താന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായില്ലേ?എങ്കില്‍ അവളെന്തേ ഇങ്ങനെ? അവളുടെ കുഞ്ഞുങ്ങള്‍ എവിടെ ?അതോ എല്ലാം തന്റെ മനസ്സിന്റെ വിഭ്രാന്തിയോ ?!

മൂര്‍ച്ച (കഥ)

അവസാനത്തെ പേഷ്യന്റിനേയും നോക്കി വിട്ടു ,ക്ലോക്കില്‍ നോക്കി..എട്ടര
കഴിഞ്ഞു ! ഇനി വേഗം കൂടിയില്ലെങ്കില്‍ സമയത്തിനു ക്ലിനിക്കില്‍ എത്തില്ല..
ധൃതിയില്‍ ബെഡ്റൂമിലേക്ക്‌ സ്റ്റെപ്പുകയറുമ്പോള്‍ വീണ്ടും കോളിംഗ്
ബെല്ലിലെ കിളി ചിലച്ചു.
"ഇന്ന് വൈകും" മനസ്സില്‍ പറഞ്ഞു.
തിരികെ ചെന്നു വാതില്‍ തുറന്നു.ഏതാണ്ട് പതിനഞ്ചു വയസ്സ് തോന്നുന്ന പയ്യന്‍ .

കണ്സല്‍ട്ടേഷന്‍ റൂമിന്റെ കതകു തുറന്നു വിളിച്ചു "വരൂ"

"ഞാന്‍ പെഷ്യന്ടല്ല ഡോക്ടര്‍ " അല്‍പ്പം പരുങ്ങിക്കൊണ്ടവന്‍ പറഞ്ഞു ."കത്തി വില്‍ക്കാന്‍ വന്നതാണ്".

കൌതുകത്തോടെ ഞാനവനെ നോക്കി . കുളിച്ച്,നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന
സുമുഖനായ ബാലന്‍. സാധാരണ ആ സമയത്ത് കച്ചവടത്തിനായി വരുന്നവര്‍ 'കത്തീ
...വെട്ടുകത്തീ....പിച്ചാത്തീ...' എന്ന് ഉറക്കെ ,അനുനാസിക
സ്വരത്തില്‍വിളിച്ചു പറഞ്ഞു കൊണ്ടാണ് വരാറ്.അങ്ങിനെയുള്ളവരെ
ഗേറ്റിനകത്തേക്കു പോലും കയറ്റാറില്ല. ജനമൈത്രി പോലീസ് കഴിഞ്ഞ ദിവസം വീട്
സന്ദര്‍ശനത്തിനു വന്നപ്പോഴും പ്രത്യേകം ഓര്‍മ്മിപ്പിച്ചതാണ്
കച്ചവടത്തിനാണെന്ന ഭാവത്തില്‍ കള്ളന്‍മാര്‍ വരുന്നുണ്ട് ,അതുകൊണ്ട്
അക്കൂട്ടരെ അകത്തു കയറ്റരുത് എന്ന്. ഏതായാലും ഈ കുട്ടിയെ കണ്ടിട്ട് അങ്ങിനെ
തോന്നുന്നില്ല.

"എന്തൊക്കെയാണ് സഞ്ചിയില്‍?" ആവശ്യമില്ലെങ്കിലും ചോദിച്ചു.


"പിച്ചാത്തി,വെട്ടുകത്തി,വാക്കത്തി ..." അവന്‍ സഞ്ചിയില്‍ നിന്നും ഓരോ കത്തികളും അതിന്റെ ഗുണ ഗണങ്ങള്‍ പറഞ്ഞു കൊണ്ട്
പുറത്തെടുത്തുവച്ചു.ഓരോന്നിന്റെയും വിലയും പറഞ്ഞു. എനിക്കെന്തോ ഒരു കൌതുകം
തോന്നി .

"ഇയാള്‍ക്കെന്താ സ്കൂളില്‍ പോകണ്ടേ ,ഇന്ന് വര്‍ക്കിംഗ് ഡേ അല്ലെ ?" കച്ചവടത്തിന് വരുന്നവരോട് അധികം സംസാരത്തിന്
നില്‍ക്കാറില്ലെങ്കിലും ഞാന്‍ ചോദിച്ചു.

"രാവിലെ സ്കൂളില്‍ പോണ്ടാ.ഇപ്പൊ പരീക്ഷയാ . ഇന്ന് ഉച്ചക്ക് ശേഷാ എനിക്ക് പരീക്ഷ" അവന്‍ പറഞ്ഞു.

"അപ്പൊ പഠിക്കണ്ടേ "
പരീക്ഷക്ക്‌ പഠിക്കുമ്പോള്‍ ക്ഷീണമുണ്ടാകാതിരിക്കാന്‍ എന്താണ് മകന് പ്രത്യേകമായി ഭക്ഷണം കൊടുക്കേണ്ടത് എന്ന് ചോദിച്ചു
ക്ലിനിക്കില്‍ എത്താറുള്ള അച്ഛനമ്മമാരെ ഓര്‍ത്തു .

"ഏയ്‌,ഞാന്‍ ക്ലാസില്‍ ഫസ്ട്ടാ.ഒക്കെ പഠിച്ചു കഴിഞ്ഞു.ഇപ്പൊ ഞാന്‍ ഏഴാം
ക്ലാസിലാ.അടുത്തവര്‍ഷം വേറെ സ്കൂളിലേക്ക് മാറണം. അവിടെ ചേരാന്‍ ആയിരം രൂപ
ആദ്യം കെട്ടണം. അതുണ്ടാക്കാനാ ഞാന്‍ കത്തി വില്‍ക്കണേ". അവന്‍ പറഞ്ഞു.

സമയം വൈകിയതിനാല്‍ കൂടുതലൊന്നും ചോദിക്കാതെ ഇരുനൂറു രൂപ കൊടുത്ത് വെട്ടുകത്തി
വാങ്ങി. അതായിരുന്നു അവന്റെ സഞ്ചിയിലെ ഏറ്റവും വിലക്കൂടിയ കത്തി.

ക്ലിനിക്കിലേക്ക് റെഡിയാകുമ്പോഴും ,ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ആ പയ്യനെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.

വണ്ടി വീട്ടില്‍നിന്നും ഇറക്കി അല്‍പ്പം മുന്നോട്ടെടുത്തപ്പോള്‍ ദാ നില്‍ക്കുന്നു ആ പയ്യന്‍ . അവന്‍ വണ്ടിക്കു കൈ കാണിച്ചു. നിര്‍ത്തി ചില്ല് താഴ്ത്തിയപ്പോള്‍ നിഷ്ക്കളങ്കമായി ചിരിച്ചുകൊണ്ടവന്‍ ബസ് സ്റ്റോപ്പില്‍
വിടാമോ എന്ന് ചോദിച്ചു. പുറകിലെ ഡോര്‍ തുറന്നു കൊടുത്തു.അകത്തു കയറിയ അവന്‍
വാചാലനായി

" ഒരു കത്തിയൊഴിച്ച് ബാക്കിഎല്ലാം വിറ്റു. ഡോക്ടറുടെ കൈ രാശിയുള്ളതാ...."

പെട്ടെന്നാണ് എന്റെ ഉള്ളിലേക്ക് മിന്നല്‍ പിണര്‍ പോലെ പേടി കയറിയത്. ഇവനെ എന്ത് വിശ്വസിച്ചാണ് വണ്ടിയില്‍ കയറ്റിയത് !
അടുത്തിടെ മാധ്യമങ്ങളില്‍ കണ്ട പല ക്രിമിനല്‍ കേസുകളിലും പ്രതികള്‍
കൌമാരക്കാരായ വിദ്യാര്‍ഥികളാണ് . ഇവന്റെ കയ്യിലെ സഞ്ചിയിലാണെങ്കില്‍ ഇനിയും
വില്‍ക്കാത്ത ഒരു കത്തിയുണ്ട് താനും . അവനാക്കത്തി എടുത്ത് ഏതു നിമിഷവും
എന്റെ കഴുത്തിന്റെ പിന്നില്‍ ചേര്‍ത്ത് വയ്ക്കാം. ഈശ്വരാ ...എന്റെ
പെരുവിരലില്‍ നിന്നും വിറ കയറുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി
ഞാന്‍ അവന്റെ വീട്ടുകാരെക്കുറിച്ചു ചോദിച്ചു.

"അമ്മക്ക് ഹൃദയത്തിനെന്തോ വല്യ അസുഖമാ. കോട്ടയം മെഡിക്കല്‍ കോളേജിലാ.അച്ഛന്‍ അടുത്തുള്ള
ആലയില്‍ പണിക്കു പോകുന്നു. അവിടെ നിന്നാണ് ഈ കത്തികള്‍ ഞാന്‍ കച്ചോടത്തിനു
എടുക്കുന്നത്.ചേച്ചി പത്താംക്ലാസ് കഴിഞ്ഞു.നല്ല
മാര്‍ക്കുണ്ടായിരുന്നു.പക്ഷെ അമ്മേടെ കൂടെ നില്‍ക്കാന്‍ വേറെ
ആളില്ലാത്തതുകൊണ്ട് പിന്നെ പഠിച്ചില്ല..." അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.

എന്റെ ശ്രദ്ധ മുഴുവന്‍ റിയര്‍ വ്യൂ മിറ റിലാണ് . പറഞ്ഞുകൊണ്ടിരിക്കുന്ന തിനിടയില്‍ അവന്‍ സഞ്ചിയിലേക്ക് കയ്യിട്ടു.ഞാന്‍ സര്‍വ്വ ശക്തിയുമെടുത്തു ബ്രേക്ക് ചവിട്ടി.വലിയ ശബ്ദത്തോടെ വണ്ടി ഉരഞ്ഞു നിന്നു. എന്താണെന്ന്
തലപൊക്കി നോക്കിയ അവനോടു അവിടെ ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. എനിക്ക് വേറെ
വഴി പോകണമെന്നും . പുറകില്‍ വന്ന വണ്ടിക്കാരുടെ ചീത്ത വിളിക്ക് കാതു
കൊടുക്കാതെ , അവനെ പുറത്താക്കി വിയര്‍പ്പു തുടച്ചു വീണ്ടും വണ്ടി
മുന്നോട്ടെടുക്കുമ്പോഴും ഉള്ളിലെ വിറ അടങ്ങിയിരുന്നില്ല. അവനെന്തിനാണ്‌
സഞ്ചിയില്‍ കയ്യിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല . വണ്ടിക്കൂലിക്കുള്ള
കാശെടുത്ത് പിടിക്കാനോ , എന്റെ കഴുത്തിന്റെ പിന്നില്‍ ചേര്‍ത്ത് വയ്ക്കാന്‍
കത്തിയെടുക്കാനോ?!

Friday, March 12, 2010

ഓര്‍മ്മകള്‍ പറയുന്നത് ...(കഥ)

" താത്രി കൊച്ച്ഞ്ഞി പോകുമ്പോ ഈ പെണ്ണിനെക്കൂടി കൂട്ടിക്കോളൂ"
അമ്മാത്തെ പണിക്കാരി കല്യാണിയാണ് . മുണ്ടിന്റെ തുമ്പ് പിടിച്ചു നാണിച്ചു നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടിയെ മുന്നിലേക്കു പിടിച്ചു നിര്‍ത്തി .ഏകദേശം കുഞ്ഞേടത്തീടെ പ്രായം വരും.
ഞാനും അമ്മയും അമ്മാത്ത് ന്ന് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് കല്യാണി നിവേദനവുമായി വന്നത്.
"അഞ്ചാംക്ലാസ്സില്‍ തോറ്റു.ഇനി സ്കൂളില്‍ വിടാനൊന്നും പാങ്ങില്ല.അവിടെ പുറംപണിയ്ക്ക് ഒരാളെ വേണംന്ന് ന്നാള് പറഞ്ഞിരുന്നില്ലേ, ഇവളെ കൊണ്ട് പൊയ്ക്കോളൂ "
"അതിനിവള് ചെറ്യ കുട്ട്യല്ലേ ,പണീടുക്കാറൊക്കെ ആയോ?!" അമ്മ വിശ്വാസം വരാതെ നോക്കി .
"ഏയ്‌,ചെറ്യകുട്ട്യോ ?! അട്യന്‍ മനക്കലേക്ക് പോന്നാല്‍ എളേതുങ്ങളുടെ കാര്യം മുഴോന്‍ നോക്കണത് ഇവളല്ലേ . .വീട്ടിലെ പണിയെല്ലാം കഴിച്ചിട്ടാ സ്കൂളില് പോണത്.എന്റെ പെണ്ണായത് കൊണ്ട് പറയണതല്ല ,എല്ലാം വൃത്തീം മെനയ്ക്കും ചെയ്തോളും" കല്യാണി മകളുടെ ചെമ്പന്‍ തലമുടിയില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

എനിക്കാകെ ഉത്സാഹായി.അഞ്ചാംക്ലാസ്സില്‍ തോറ്റൂന്നു പറയുമ്പോള്‍ എന്നേക്കാള്‍ നാല് വയസ്സു മൂപ്പുണ്ടാവും.എന്നാലും വല്യ പത്രാസൊന്നും ഇല്ലെന്നു തോന്നുന്നു കണ്ടിട്ട്.കുഞ്ഞേടത്തിയും നാല് വയസ്സിനു മൂത്തതാണ്.പക്ഷെ എന്റെ കൂടെ കളിക്കാനൊന്നും കൂടാറില്ല. വല്ല്യതായീന്നാ ഭാവം.ഈ കുട്ട്യേ കണ്ടിട്ട് അങ്ങിനെ ആവില്ലെന്നു തോന്നുന്നു.
"എന്താ പെണ്ണേ നിന്റെ പേര് ?" അമ്മ ചോദിച്ചു.
"പേര് പറ പെണ്ണേ" നാണിച്ചു തല കുനിച്ചു നില്‍ക്കുന്ന മകളുടെ തലയില്‍ കല്യാണി ഒരു കിഴുക്കു കൊടുത്തു .
"രമണിക്കുട്ടി"
പെണ്‍കുട്ടി തലയുയര്‍ത്താതെ പറഞ്ഞു.
"എന്നാ വീട്ടിച്ചെന്നു സാമാനങ്ങളൊക്കെ എടുത്തു പോന്നോളൂ .ഒരരനാഴിക കഴിഞ്ഞാല്‍ പുറപ്പെടണം " അമ്മ സമ്മതമറിയിച്ചു .
"ഓ ,ഇനീപ്പോ വീട്ടി പോവ്വോന്നും വേണ്ടാ കുഞ്ഞാത്തലേ.പോയിട്ടിപ്പോ എന്ത് സാമാനങ്ങളെടുക്കാനാ ! ഒക്കെ അവിടുന്ന് നോക്ക്യാ മതീ " കല്യാണിയുടെ മുഖം തെളിഞ്ഞു.

മുപ്പത്തഞ്ചു വര്ഷം മുന്‍പുള്ള കാര്യങ്ങളാണ് . എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മയില്‍ തെളിയുന്നു.

ഓര്‍ക്കുട്ടില്‍ ഒരു പുതിയ കമ്യൂണിറ്റി തുടങ്ങണമെന്ന് മാഷ്‌ നിര്‍ദ്ദേശിച്ചു . "പഴയകാലത്തേക്ക് ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു പോക്ക് .ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഉണ്ടാകും.അവയെല്ലാം പൊടിതട്ടിയെടുക്കാന്‍,ഓര്‍മ്മകള്‍ പരസ്പ്പരം പങ്കിടാന്‍ ഒരിടം.അങ്ങനെ ഒന്ന് തുടങ്ങാം നമുക്ക് ,എന്താ " മാഷ്‌ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെയൊരു കമ്യൂണിറ്റിക്കിടാന്‍ പറ്റിയ പേരെന്താവണം എന്നായി അടുത്ത ചര്‍ച്ച. 'ഓര്‍മ്മയുടെ തീരങ്ങളില്‍' എന്ന പേര് എല്ലാവര്ക്കും ബോധിച്ചു.അതിനു ചേര്‍ന്ന ഒരു പ്രൊഫൈല്‍ ഫോട്ടോക്കുവേണ്ടിയായി അടുത്ത തിരച്ചില്‍.ഗൂഗിള്‍ സെര്‍ച്ചില്‍ പോയി,ഇമേജസ് ക്ലിക്ക് ചെയ്തു.ഒന്നും മനസ്സിന് തൃപ്തി തരുന്നില്ല. തിരച്ചില്‍ തുടര്‍ന്നു. കണ്ണിമാങ്ങ പെറുക്കുന്ന കുട്ടിയുടെ ചിത്രത്തില്‍ മനസ്സുടക്കി.താടിക്ക് കയ്യും കൊടുത്ത്‌ ആ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ വായില്‍ അറിയാതെ വെള്ളമൂറി.കാതില്‍ തൊടിയിലെ കരിയില ഒച്ച , തൊഴുത്തിലെ പശുവിന്റെ അമറല്‍. പശുക്കുട്ടിക്കു പച്ചപ്പുല്ലരിയുന്ന രമണിക്കുട്ടി... എല്ലാം ഒരു തെളിഞ്ഞ ചിത്രം പോലെ ,ഒട്ടും മങ്ങാതെ ....

മിക്കവാറും എല്ലാ ഇല്ലങ്ങളിലേയും പതിവാണത്.വാല്യക്കാരുടെ പെണ്മക്കള്‍ പത്തു,പതിനൊന്നു വയസ്സുവരെ മാത്രമേ സ്വന്തം വീടുകളില്‍ കഴിയാറുള്ളു. പിന്നെ,മനക്കലെ കുഞ്ഞാത്തല് മാരുടെയോ,വേളികഴിച്ചയച്ച അന്തര്ജ്ജനങ്ങളുടെയോ തുണക്കാരികളായി കൂടും.

പച്ച ചീട്ടിതുണി കൊണ്ടു തയ്ച്ച മുട്ടിറങ്ങുന്ന നരച്ച പാവാടയും ,നിറം വ്യക്തമായി പറയാന്‍ സാധിക്കാത്തത്ര നരച്ച ബ്ലൌസുമണിഞ്ഞ രമണി ക്കുട്ടിയുമായി വളരെപ്പെട്ടെന്നു ഞാന്‍ ചങ്ങാത്തത്തിലായി . അമ്മയെവിട്ടു ഞങ്ങളുടെകൂടെ പോരുമ്പോള്‍ ആക്കുട്ടി കരയുമെന്നു ഞാന്‍ പേടിച്ചു.പക്ഷെ ഒന്നുമുണ്ടായില്ല.അമ്മേടെ സാമാന്യം വലിപ്പമുള്ള ബാഗ് തോളത്തുതൂക്കി രമണി ഞങ്ങളുടെകൂടെ പുറപ്പെടുമ്പോള്‍ കല്യാണി ഉരപ്പുരയില്‍ നെല്ലുകുത്തുന്ന തിരക്കിലായിരുന്നു.

"താത്രി കൊച്ച്ഞ്ഞി ഈ പെണ്ണിനെ കൂടെ ക്കൊണ്ടോവ്വാണോ ? വീട്ടിലത് കല്യാണിക്കൊരു സഹായാരുന്നു ." ബസ്സുകാത്തു നിന്നപ്പോള്‍ അടുത്തുവന്ന രാഘവന്‍ അമ്മയോട് പറഞ്ഞു.
" നീ പോയാപ്പിന്നെ എളേതുങ്ങളെ ആരാ നോക്ക്വാ?" രമണിയോടാണ്.
അയാളെക്കണ്ടപ്പോള്‍ രമണി മുഖം കൂര്‍പ്പിച്ചു നിന്നു.പിന്നെ എന്നോടു പതുക്കെ മന്ത്രിച്ചു "ഞാനോരൂട്ടം പിന്നെ പറയാട്ടോ "

സന്ധ്യയ്ക്കു മുന്പായി ഞങ്ങള്‍ ഇല്ലത്തെത്തി. ഞാന്‍ കൂട്ടിനുള്ളതുകൊണ്ട് രമണിയ്ക്കു കാര്യമായ അപരിചിതത്വമൊന്നും തോന്നിയില്ല അവിടെ.അമ്മ ഒരു പാത്രത്തില്‍ എണ്ണയും സോപ്പും എടുത്തു കൊടുത്തു ,കുഞ്ഞേടത്തീടെ രണ്ടു പഴയ പാവാടേം ബ്ലൌസും "ആദ്യം നീ തലയില്‍ നല്ലോണം എണ്ണ തേയ്ക്കു.ജനിച്ചിട്ട്‌ എണ്ണ കണ്ടിട്ടില്ലെന്നാ തോന്നണേ മുടി കണ്ടിട്ട് !എന്നിട്ട് കുളത്തില്‍ പോയി കുളിച്ചുവന്ന് ഈ പാവാടേം ജംബറും ഇട്ടോളൂ"
എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു "നീയുംകൂടി ചെല്ലൂ കുളത്തിലേയ്ക്ക് ,ആ കുട്ടിയ്ക്കെല്ലാം ഒന്ന് പരിചയാവട്ടെ"

കുളക്കടവില്‍ വച്ച് രമണി സ്വന്തം വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞു. രമണിക്ക് അച്ഛനില്ല. എല്ലാരും പറയണത് അമ്മാത്തെ
കാര്യസ്ഥന്‍ ഗോവിന്ദനാണ് അച്ഛനെന്നാത്രേ. "അയാളെ ഇതുവരെ അച്ചാന്ന് വിളിച്ചിട്ടോന്നൂലാട്ടോ ഞാന്‍"
"രണ്ടനിയന്മാരും ,മൂന്നനിയത്തിമാരുമുണ്ട് .കുഞ്ഞാവയ്ക്കീ മകരത്തില്‍ മൂന്നു വയസ്സയീ .നമ്മള് വണ്ടി കാത്തു നിന്നപ്പോ കണ്ട രാഗവന്‍ ചിറ്റപ്പനില്ലേ ,അങ്ങേരാ കുഞ്ഞാവേടെ അച്ചന്‍ ന്നാ എല്ലാരും പറയണേ . ഇപ്പൊ അങ്ങേരു ഞങ്ങടെ വീട്ടിലാ കെടപ്പ് .എനിക്കങ്ങേരെ കാണണത് കലിയാ.എപ്പളും കൊഞ്ചിക്കാന്‍ വരും .ഞാനെന്താ ചെറ്യ കുട്ട്യാ ? അതോണ്ടാ എന്നെ ഇങ്ങോട് കൊണ്ടോരണ കണ്ടപ്പം അങ്ങേരടെ മൊകം കറത്തെ " രമണി പറഞ്ഞു കൊണ്ടേ ഇരുന്നു .

രമണിക്കുട്ടി പറഞ്ഞതിന്റെ അര്‍ഥം മനസ്സീലായില്ലെങ്കിലും ഞാനെല്ലാം മൂളിക്കേട്ടു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയോട് ചോദിച്ചു "അമ്മേ,എന്റെ അഛന്‍ തന്നെയല്ലേ ഏടത്തിമാരുടെം,ഏട്ടന്മാരുടെം അഛന്‍?"
"ഇതെന്താ ഈക്കുട്ടിയ്ക്കിപ്പോ ഇങ്ങനെയൊരു സംശയം " അച്ഛനുമമ്മയും ഉറക്കെ ചിരിച്ചു .
പിന്നെന്താ രമണീടെ വീട്ടില്‍ അനിയന്മാര്‍ക്കും,അനീത്തിമാര്‍ക്കുമൊക്കെ വേറെ വേറെ അച്ഛന്‍മാര്‍?" ഞാനെന്റെ സംശയത്തിന്റെ കാരണം വെളിപ്പെടുത്തി.
"അവരുടെക്കെ എടേല് അങ്ങന്യൊക്കെണ്ടാവും .കുട്ടീനി ഈ വിഡ്ഠിത്തോന്നും എല്ലാരോടും വിസ്തരിക്കാന്‍ നില്ക്കണ്ടാ".അമ്മ ദേഷ്യപ്പെട്ടു.ഞാനെന്റെ സംശയങ്ങള്‍ ഉള്ളിലൊതുക്കി.

രമണി കുഞ്ഞേടത്തീടെ മുറീലാണ് കിടന്നത്.ഒരുപാടു കഥകള്‍ അറിയാമെന്നും പിന്നെ പറഞ്ഞു തരാമെന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് എനിക്ക് വാക്ക് തരുമ്പോള്‍ രമണീടെ കണ്ണു നിറഞ്ഞു.ഞാന്‍ കാര്യം ചോദിച്ചപ്പോള്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു "കുഞ്ഞാവ ഇന്ന് ആരടെ കൂട്യാണോ കിടക്ക്വാ ... അമ്മേടെ കൂടെ അതിനെ കെടത്തണത് രാഗവന്‍ ചിറ്റപ്പനിഷ്ടാല്ല . അങ്ങേരു കള്ളുകുടിച്ചു വന്ന് ഇപ്പൊ ബഹളോണ്ടാക്കണ് ണ്ടാവും .പാവം കുഞ്ഞാവ വല്യേച്ചീന്നും പറഞ്ഞു കരയ്വാവും .ന്നാളൊരു ദിവസം കള്ളും കുടിച്ചു ബോധോല്യാണ്ട് എന്നെപ്പിടിച്ചു വലിച്ചു കൂടെ കെടത്താന്‍ നോക്കി . അമ്മ ബഹളം വച്ചപ്പളാ ഞാന്‍ ഓടി രക്ഷപ്പെട്ടത്.അന്നേ അമ്മ പറഞ്ഞിരുന്നു എന്നെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടുമെന്ന് "

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോ ആമ്മേടെ ശബ്ദം വീണ്ടും " വേണ്ടാത്തതോരോന്നു ചിന്തിക്കാണ്ട് ഉറങ്ങാന്‍ നോക്ക് കുട്ടീ "

Wednesday, March 10, 2010

ഭ്രാന്തി ചെറീമ്മ (കഥ)

"അ: ങ്ഹാ , അതുവ്വോ ! എപ്പോ?"
ഉച്ചമയക്കത്തിനിടയില്‍ അമ്മയുടെ ശബ്ദം . ഫോണിലാണ്.ആരാണാവോ വിളിയ്ക്കണത് ! ആര്‍ക്കോ ആപത്തെന്തോ സംഭവിച്ചപോലെ തോന്നി
കേട്ടിട്ട്.
മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ മടി. കുംഭച്ചുടില്‍ ഒരു കിലോമീറ്റര്‍ നടന്നു വന്നതിന്റെ ക്ഷീണം. ഉച്ചയ്ക്ക്
ശേഷമുള്ള സുവോളജി പ്രാക്ടിക്കല്‍ ക്ലാസില്‍ ഷാര്‍ക്കിനെ ഡിസെക്ടു
ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കോളേജില്‍ നിന്ന് മുങ്ങിയതാണ് .
"ദേ,കേക്കണ്‌ണ്ടോ,
ഭ്രാന്തി ചെറീമ്മ കഴിഞ്ഞൂന്ന് "
അമ്മ അച്ഛനോട് വിവരം പറയ്വാണ്. എണീറ്റ്‌ ചെന്നു.
" കുഞ്ഞുണ്ണീടെ ഫോണ്‍ വന്നു ; അതിന്റെ കഷ്ട്ടപാട് അങ്ങിനെ തീര്‍ന്നു".
അച്ഛനോടും എന്നോടുമായി അമ്മ തുടര്‍ന്നു.
"ആര്‍ക്കും
വേണ്ടാത്ത ഒരു ജന്മം അങ്ങിനെ തീര്‍ന്നൂലോ ,നന്നായി. അപ്പൊ
,സാവിത്രിയ്ക്കിപ്പോ പുറപ്പെടണ്ടേ?എന്തൊക്കെയായാലും സ്ഥാനം കൊണ്ട്
മുത്തശ്ശ്യല്ലേ?"
അച്ഛന്‍ വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി , കണ്ണട ഊരി തുടച്ചുകൊണ്ട് നെടുവീര്‍പ്പിട്ടു.
എന്റെ നേരെ തിരിഞ്ഞു
"നീയും പൊക്കോളൂ, അമ്മെ ഒറ്റയ്ക്കു വിടണ്ടാ ."
ഓര്‍മ്മയില്‍ ഭ്രാന്തി ചെറീമ്മയുടെ ചിരിയ്ക്കുന്ന മുഖം തെളിഞ്ഞു.
ചെറീമ്മയ്ക്ക് ശരിയ്ക്കു ഭ്രാന്തുണ്ടായിരുന്നോ?!
എപ്പോഴും സംസാരിക്കാറുള്ള ചെറീമ്മ .കേള്‍വിക്കാര്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല . മറ്റാരുമില്ലെങ്കില്‍
തന്നത്താന്‍ സംസാരിച്ചു കൊണ്ടിരുന്നോളും. ആ സംസാരമാണ് 'ഭ്രാന്തി ചെറീമ്മ '
എന്ന പേര് നേടിക്കൊടുത്തത്.

അമ്മാത്തെ മുത്തശ്ശന്‍ മുതല്‍ വല്യേടത്തീടെ രണ്ടുവയസ്സുകാരി മകള്‍ ഉമ
വരെയുള്ള നാല് തലമുറയ്ക്ക് ചെറീമ്മയാണ് അവര്‍.നാട്ടുകാര്‍ക്കും
,ബന്ധുക്കള്‍ക്കും ഭ്രാന്തി ചെറീമ്മയും . എന്താണാവോ ചെറീമ്മേടെ പേര് !
ആര്‍ക്കുമറിയില്ല. ഒരിക്കല്‍ നേരിട്ട് ചോദിച്ചതാണ്. കുറച്ചുനേരം നേരെ
നോക്കി ചിരിച്ചു.പിന്നെ പകുതി എന്നോടും,പകുതി ആത്മഗതവുമായി പറഞ്ഞു "പേര്
...എന്താണാവോ ! ഇല്ലത്ത് കുട്ടീന്നാര്‍ന്നു വിളിച്ചിരുന്നെ, പിന്നെ ഇവിടെ
വന്നപ്പോ ചെറീമ്മ ആയില്ലേ എല്ലാര്‍ക്കും. എന്തെങ്കിലും ഒരു
പേരിട്ടിരുന്നുകാണും ല്ല്യേ? " വീണ്ടും തുറന്ന ചിരി.
വല്യ മുത്തശ്ശന്‍
വയസ്സുകാലത്ത് വേളി കഴിച്ചു കൊണ്ടുവന്നതാണ് ചെറീമ്മയെ . അമ്മേടെ മുത്തശ്ശി
സ്ഥാനത്തേക്ക്.വേളികഴിച്ചു കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് പ്രായം
പതിന്നാലോ,പതിനഞ്ചോ വയസ്സ്. വല്യമുത്തശ്ശന് എണ്പതിനോടടുത്തും , അതോ എണ്പത്
കഴിഞ്ഞോ .
കുറച്ചു ദൂരെയുള്ള ഇല്ലത്തെ കുട്ടിയായിരുന്നു ചെറീമ്മ.
ഇല്ലത്തെ സാമ്പത്തികസ്ഥിതി മഹാ മോശം.അമ്മയെ കണ്ട ഓര്‍മ്മപോലും ഇല്ലെന്നു
പറയുമ്പോഴും ചെറീമ്മ ചിരിക്കും. ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍
എപ്പോഴും കേള്‍ക്കാറുള്ള കഥ കളിലോന്നാണ്‌ അത്. മറ്റാരുടെയോ കഥ പറയുന്നപോലെ
,വളരെ രസം പിടിച്ച് സ്വന്തം കഥയും ചെറീമ്മ ഞങ്ങള്‍ക്ക് പറഞ്ഞു തരും.
ഇടയ്ക്ക് ,കേട്ടു മുഷിഞ്ഞ്‌ ,ഞങ്ങള്‍ കളിയിലേക്ക് തിരിഞ്ഞാലും സ്വയം
ലയിച്ചു കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും. മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടാല്‍
'ഇന്ന് ഭ്രാന്ത് ഇളകീട്ടുണ്ടല്ലോ' എന്ന് പരിഹസിയ്ക്കും. അത് കേട്ടാലും
ചെറീമ്മ തുറന്നു ചിരിക്കും. ഒരിക്കല്‍ പോലും അവരുടെ കണ്ണ് നിറഞ്ഞു
കണ്ടിട്ടേയില്ല ആരും.

വല്യ മുത്തശ്ശന്‍ വേളി കഴിക്കുന്ന കാലത്ത് അമ്മാത്ത് സാമ്പത്തികമായും
,പ്രൌഡി കൊണ്ടും നല്ല കാലമായിരുന്നൂത്രേ.അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു
ചെറീമ്മേടെ വല്യച്ഛന്‍. കുടുംബത്തിലെ ചെറിയ കുട്ടിയുടെ പെണ്കൊട നടത്താന്‍
ത്രാണിയില്ലാതെ കഷ്ടപ്പെട്ട സുഹൃത്തിനെ സഹായിച്ചതാണത്രേ വല്യ മുത്തശ്ശന്‍ !
വേളി
വിവരം സ്വന്തം ഇല്ലത്ത് അറിയിച്ചിരുന്നില്ല വല്യമുത്തശ്ശന്‍ ആദ്യം.
പേരക്കുട്ടിയുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതറിഞ്ഞാല്‍ പുരോഗമന
വാദികളായ മക്കള്‍ എതിര്‍ക്കുമെന്ന് അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു.
ഒരു
മാസത്തിനു ശേഷമാണ് ചെറീമ്മയെ അമ്മാത്ത് കുടിവച്ചത് . അന്ന് അവിടെ ചില്ലറ
പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി .
വലിയ തറവാട്ടിലെ എല്ലാ അംഗങ്ങളെയും
ചെറീമ്മ പരിചയപ്പെട്ടിട്ടുപൊലുമില്ലായിരുന്നു.അതിനു മുന്‍പ്
വല്യമുത്തശ്ശന്‍ മരിച്ചു. അങ്ങിനെ,തന്റെ അച്ഛനെക്കാള്‍
പ്രായമുള്ള മക്കളുടെ അമ്മയായി,ആര്‍ക്കും വേണ്ടാത്ത ഒരധികപ്പറ്റായി ചെറീമ്മ ആ
വലിയ എട്ടുകെട്ടിന്റെ ചായ്പ്പില്‍ ഒതുങ്ങി .
ക്രമേണ കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്ക് കഥപറഞ്ഞു കൊടുക്കുന്ന ആളായിമാറി .കേള്‍വിക്കാരില്ലാത്തപ്പോഴും കഥപറച്ചില്‍ തുടര്‍ന്നു . അങ്ങിനെ 'ഭ്രാന്തി
ചെറീമ്മയായി '.
തറവാട് ഭാഗം വച്ചപ്പോള്‍ വല്യ മുത്തഫന്റെ ഭാഗത്തിലായി ചെറീമ്മ.

നല്ല പ്രായത്തില്‍ ഒരിക്കല്‍പ്പോലും വിവരങ്ങള്‍
അന്വേഷിച്ചിട്ടില്ലാത്ത സ്വന്തം ഇല്ലക്കാര്‍ ക്രമേണ ചെറീമ്മയെ തേടി എത്തി .
ബന്ധത്തിലുള്ളവരുടെ കുടുംബങ്ങളിലേയ്ക്ക് പ്രസവ ശുശ്രൂഷയ്ക്കും ,കുട്ടികളെ
നോക്കുന്നതിനും മറ്റും കൊണ്ടുപോകാനും തുടങ്ങി.
ഒരിക്കല്‍ ചെറീമ്മേടെ ഇല്ലത്തെ മൂന്നാം തലമുറയില്‍പ്പെട്ട ഒരന്തര്‍ജ്ജനം
പറയുന്നത് കേട്ടു :
"പാവം,അതിനാവുമ്പോള്‍ എന്തെങ്കിലും
കഴിക്കാനും,ഉടുക്കാനും കൊടുത്താല്‍ മതീല്ലോ.ഒന്നിനും ഒരു പരാതീമില്ലാതെ
നല്ലോണം പണീടുത്തോളും .പിന്നെ,തന്നത്താന്‍ സംസാരിക്കും .അതുകൊണ്ടിപ്പോ
നമുക്കെന്താ ചേതം , ഭ്രാന്താച്ചാലും ദേഹോപദ്രവോന്നൂല്ല്യാല്ലോ ".

"കുറച്ചു
നാളായി ചെറീമ്മ സുഖല്യാണ്ട് കേടപ്പായിട്ട് ന്ന് കേട്ടിരുന്നു " അമ്മേടെ
വാക്കുകള്‍ ചിന്തയില്‍ നിന്നുണര്‍ത്തി.
"നീയെന്താ ഇങ്ങനെ തലേം
കുനിച്ചിരിക്കണേ? നമുക്കൊന്നത്രടം പോയിട്ട് വരാം.ഒന്നൂല്ലെങ്കിലും
മുത്തശ്ശീടെ സ്ഥാനാല്ലേ ,വേഗം റെഡിയാവൂ."
തോര്‍ത്തുമെടുത്ത്‌
കുളിമുറിയിലേക്ക്‌ കയറുമ്പോള്‍ മനസ്സില്‍ പറഞ്ഞു "പേരുപോലു മില്ലാത്ത ചില
ജന്മങ്ങള്‍"

Tuesday, March 9, 2010

സ്ത്രീ

മതങ്ങള്‍, ദൈവം, രാഷ്ട്രീയം, ചരിത്രം എന്നീ നിലവിലുള്ള പ്രത്യയ ശാസ്ത്രങ്ങള്‍ പുരുഷ നിര്‍മിതമായത് കൊണ്ടാവാം സ്ത്രീ താഴേക്കു പോയത്. പ്രകൃതിയുടെ ഒരു താളം ആണ് സ്ത്രീ പുരുഷന്മാര്‍. അല്ലെങ്കില്‍ ഒരു ഒട്ടിച്ചു ചേര്‍ക്കല്‍. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ എച്ച്കെട്ടല്‍ എന്നാകാം. അതായത് സ്ത്രീക്ക് ഇല്ലാത്തത് പുരുഷന് ഉണ്ടാകുക. മറിച്ചും. അങ്ങനെ അവര്‍ ചേരുമ്പോള്‍ ഒന്നാകുന്നു. ഈ ഒന്നാകലിനിടയില്‍ പുരുഷന്‍ സ്ത്രീയെ ചവിട്ടി താഴ്തുന്നുണ്ട്. സ്ത്രീയെ ദേവിയായും അമ്മയായും ഭാര്യയായും ഒക്കെ കാണുമ്പോഴും അവള്‍ എന്നും തനിക്കു താഴെ എന്ന ഒരു ധാരണ.
ഇക്കാലത്തെ ഇരുണ്ട വ്യവസ്ഥിതിക്കു നല്ലൊരു ശതമാനം മാറ്റമാകും സ്ത്രീ മുന്‍നിരയിലേക്ക് എത്തിയാല്‍. സ്ത്രീയെ പുരുഷനോടൊപ്പം നമുക്ക് കാണാന്‍ കഴിയണം.
ഏതൊരു കലാപത്തിനും യുദ്ധത്തിനും ഇരയാവാന്‍ വേണ്ടി മാത്രമുള്ളതല്ല സ്ത്രീ ജന്മം എന്ന് നാം തിരിച്ചറിയണം.
ഉലപ്പന്നങ്ങള്‍ വിറ്റഴിക്കാനായി, പരസ്യങ്ങളില്‍ അര്‍ദ്ധനഗ്നാംഗികളായി പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഉപഭോഗവസ്തു മാത്രമായി സ്ത്രീയെ ഇന്നത്തെ പരിഷ്ക്രുതരെന്നു വീമ്പു നടിയ്ക്കുന്ന സമൂഹം മാറ്റിയിട്ടില്ലേ.