ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, April 6, 2010

ചോറ്റാനിക്കരയമ്മയും,ഞാനും,എം എഫ് ഹുസ്സൈനും ...

ഏതാനും ദിവസങ്ങള്‍ മുന്‍പ് എന്റെ 'ചോറ്റാനിക്കരയമ്മ'എന്ന കവിത ഓര്‍ക്കുട്ടിലെ ചില കമ്യൂണിറ്റികളിലും,ചില വെബ്‌ സൈറ്റുകളിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
ഞാന്‍ ഈ രചനയില്‍ ദൈവത്തെയോ,മതത്തെയോ മോശമായി ചിത്രീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ ചര്‍ച്ചയില്‍ ദേവിയെ തുണിഉരിച്ചു, മതസൌഹാര്ദ്ദത്തിനു കേടുവരുത്തി,വിശ്വാസത്തെ ഹനിച്ചു തുടങ്ങിയ ഒരുപാട് ഭര്‍ത്സനങ്ങള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നു.

ഇതാണാ കവിത :

ഇന്നലെ ദേവി
എന്റെ സ്വപ്നത്തില്‍ വന്നു ,
സാക്ഷാല്‍ ചോറ്റാനിക്കരയമ്മ.
പറഞ്ഞിട്ട് അമ്മ വിശ്വസിച്ചില്ല ,
അച്ഛനും ,ചേച്ചിമാരും
ആരും വിശ്വസിച്ചില്ല .
എങ്കില്‍ വരച്ചുകാട്ടാന്‍
അവര്‍.
വരക്കാന്‍ തുടങ്ങിയ ഞാന്‍
ഞെട്ടിപ്പോയി.
എങ്ങിനെ വരക്കും !
നാടുകടത്തപ്പെട്ടാലോ !
അര്‍ദ്ധ നഗ്നാംഗിയായ
ദേവിയെ പട്ടുടുപ്പിച്ചു.
അമ്മ പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".
എല്ലാരും പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".

ഞാന്‍ സ്വപ്നം കണ്ടിട്ടേയില്ല ,
കുഴപ്പമില്ലല്ലോ ....

ഞാന്‍ ചോറ്റാനിക്കരയമ്മയുടെ ഭക്തയാണ്.പറ്റുമ്പോഴൊക്കെ അവിടെ പോയി തോഴാറുമുണ്ട്.അവിടെ പോകാന്‍ സാധിക്കാത്തപ്പോഴും,ദിവസേനയുള്ള പ്രാര്‍ഥനകളിലും അമ്മയെ സ്മരിക്കാറുണ്ട്.അപ്പോഴെല്ലാം ഉള്ളില്‍ വരുന്ന രൂപം ഓര്‍മ്മവച്ചനാള്‍ മുതല്‍ എന്റെ ഉള്ളില്‍ പതിഞ്ഞിട്ടുള്ള അര്‍ദ്ധനഗ്നാംഗിയായ അമ്മയുടെ(ദേവിയുടെ)രൂപം തന്നെയാണ്.അതില്‍ മോശമായി ഒന്നും എനിക്ക് തോന്നിയിട്ടുമില്ല.എനിക്കേതായാലും ദേവിയെ അര്‍ദ്ധനഗ്നാംഗിയായോ,പട്ടുടുത്തോ,ഇനി മറ്റുപല ക്ഷേത്രങ്ങളിലും കാണാറുള്ളത്‌ പോലെ പൂര്‍ണ്ണ നഗ്നാംഗിയായോ കണ്ടാലും വിശ്വാസവും,ഭക്തിയുമൊന്നും വ്രണപ്പെടില്ല.അതെന്റെ വിശ്വാസം ഉറച്ചതായതുകൊണ്ടാകാം.എല്ലാവരുടെയും അങ്ങിനെയാവണമെന്നില്ലല്ലോ അല്ലെ ?

ഈ കവിതയില്‍,ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രം വരച്ചു എന്ന പേരില്‍ സ്വന്തം നാട്ടില്‍ നിന്നും ആട്ടി ഇറക്കപ്പെട്ട എം എഫ് ഹുസ്സൈനെ ഞാന്‍ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത ശൌര്യമാണ് ഹിന്ദുക്കളുടെ മുഴുവന്‍ രക്ഷകരായി അവതരിച്ചിട്ടുള്ള ഇക്കൂട്ടരെ എന്റെ നേരെ കൂട്ടമായി കുരച്ചു ചാടിച്ചത് .

എം എഫ് ഹുസൈന്‍ നല്ല ചിത്രകാരനാവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ . സരസ്വതീ ദേവിയുടെ നഗ്ന ചിത്രം വരച്ചതാണല്ലോ അദ്ദേഹം ചെയ്ത മഹാപാതകമായി പറയുന്നത്. എന്തുകൊണ്ട് ആ ചിത്രം പാതകമായി? സരസ്വതീദേവി യുടെ രൂപം എന്താണെന്ന് ആരാണ് തീരുമാനിച്ചത്? നഗ്നയല്ല ദേവി എന്ന് പറയുന്നവര്‍ എതടിസ്ഥാനത്തിലാണത് പറയുന്നത്? ദേവി വെള്ളപപട്ടുടുത്താണെന്നും,താമരയിലാണ് ഇരിക്കുന്നതെന്നും ആരാണ് തീരുമാനിച്ചത്? ദേവിയുടെ മാനം കാക്കാന്‍ ആരാണ് ഈ ഗ്വാ ഗ്വാ വിളിക്കാരെ നിയമിച്ചത്?

മറ്റുചിലരാകട്ടെ ഹുസൈനെ നാടുകടത്തേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുമ്പോള്‍ തന്നെ തസ്ലീമ നസ്രീനും,സല്‍മാന്‍ റുഷ്ദിക്കുമുണ്ടായ വിലക്കുകളെ ശക്ത്തിയുക്തം എതിര്‍ക്കുന്നു .ഇതെന്തുകൊണ്ട്? ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു?

തസ്ലീമക്കും,റുഷ്ദിക്കും വിലക്ക് നേരിടേണ്ടി വന്നത് ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചു എന്നായതുകൊണ്ടല്ലേ ഇക്കൂട്ടര്‍ ആ എഴുത്ത്കാരുടെ സ്വാതന്ത്ര്യത്തെ പിന്താന്ങ്ങുന്നത്‌? ഹുസൈനെതിരെയുള്ള ആരോപണം ഹിന്ദുദൈവത്തെ മോശമായി ചിത്രീകരിച്ചു എന്നായപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം ഹനിക്കപ്പെടേണ്ടതാണെന്നും വാദിക്കുന്നു ! ഇവിടെ പുറത്തു ചാടുന്നത് ,തസ്ലീമയോടോ,റുഷ്ദി യോടോ ഉള്ള അനുഭാവമല്ല, മറിച്ച് ഇവരില്‍ ഒളിഞ്ഞിരിക്കുന്ന ( അതോ പരസ്യമായിത്തന്നെ ഉള്ളതോ ആയ )വര്‍ഗ്ഗീയത തന്നെയാണ്.ഹുസൈന് നാട് വിടേണ്ടി വന്നത് ഒരു ജനാധിപത്യ,മതേതര രാഷ്ട്രമായ ഇന്ത്യയില്‍ നിന്നാണെന്നു കൂടി ഓര്‍ക്കണം.ബംഗ്ലാദേശോ,ഇറാനോ അങ്ങിനെയല്ലെന്നും.ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല എന്നും ഓര്‍മ്മ വേണം.

അതെ,ഇതാണ് നമ്മുടെ ആധുനിക ഇന്ത്യ.ഇവിടെ,ഈ ഇലക്ട്രോണിക് മീഡിയയില്‍ പോലും ഒരു സത്യം തുറന്നെഴുതിയ ഞാന്‍ പുരോഗമന വാദികള്‍ എന്ന് നടിക്കുന്നവരാല്‍ പോലും ക്രൂശിക്കപ്പെട്ടു.'സമൂഹത്തില്‍ ചേരി തിരിവുണ്ടാക്കുന്നവള്‍‍''പൊതുവായ വിശ്വാസങ്ങളെ ഹനിക്കുന്നവള്‍'തുടങ്ങി അനേകം ചാപ്പകള്‍ എനിക്കുമേല്‍ കുത്തപ്പെട്ടു. എല്ലാവരെയും ത്രിപ്ത്തിപ്പെടുത്തുന്ന, ജാതി,മത,വര്‍ഗ്ഗീയ ഭ്രാന്തന്മാരെപ്പോലും പ്രീണിപ്പിക്കുന്ന രീതിയില്‍ മാത്രം എഴുതാന്‍ ഉപദേശിക്കപ്പെട്ടു.

ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.അച്ഛനമ്മമാര്‍ ഏതു മതസ്തരാണോ ,ഏതു ജാതിക്കാരാണോ അത് തന്നെയായിരിക്കണം ജനിക്കുന്ന കുഞ്ഞിന്റെയും ജാതി,മതങ്ങള്‍.അത് നിര്‍ബന്ധമാണ്‌.വളര്‍ന്ന്, തിരിച്ചറിവായശേഷം തന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജാതി,മതങ്ങള്‍ തിരഞ്ഞെടുക്കാനോ,ഒരു ജാതിയിലും,മതത്തിലും ഉള്‍പ്പെടാതെ നില്‍ക്കാനോ അവന്‌ അവകാശമില്ല.ഞാന്‍ ഹിന്ദുക്കളായ മാതാപിതാക്കള്‍ക്ക് ജനിച്ചതിനാല്‍ എന്റെ വിശ്വാസം അത് തന്നെയാകണം,ഞാന്‍ സംരക്ഷിക്കേണ്ടത് ഹിന്ദു മതത്തെയാകണം,ഹിന്ദു ദൈവങ്ങളെ ആകണം. ഞാന്‍ വാദിക്കേണ്ടത് ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് വേണ്ടിയാകണം.ഞാന്‍ എതിര്‍ക്കേണ്ടത് മറ്റു മതങ്ങളെയും,മത വിശ്വാസികളെയും ആകണം.ഇതെല്ലാമാണ് ഇന്ന് കണ്ടുവരുന്ന പൊതു നിയമങ്ങള്‍.

ഒരെഴുത്തുകാരന് /കാരിക്ക് സമൂഹത്തിനോട് ഒരു കടമയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ അരുതായ്മകളെ തന്നാല്‍ ആവും വിധം എതിരിടുക എന്നത് എഴുത്തുകാരുടെ ധര്‍മ്മമായി ഞാന്‍ കരുതുന്നു. ജനാധിപത്യ ഇന്ത്യയില്‍ ഒരു കലാകാരന് സ്വതന്ത്രമായി തന്റെ രചന നടത്താന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ഇന്നുണ്ട്. അതിനെതിരെ എന്നാലാവും വിധം പ്രതിഷേധമറിയിക്കുക തന്നെയാണ് ഞാന്‍ ചോറ്റാനിക്കരയമ്മ എന്ന രചനയിലൂടെ ചെയ്തത്. അതെല്ലാവര്‍ക്കും സുഖിക്കില്ലെന്നു എനിക്കുമറിയാം. എല്ലാവരെയും സുഖിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല.

ജാതി,മത,ദേശ,ലിംഗ ,വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ ഏതൊരു കലാകാരനെതിരെയും ഉള്ള കടന്നു കയറ്റത്തെ ശക്ത്തമായി ഞാന്‍എതിര്‍ക്കുന്നു.അത് ഹുസ്സൈനായാലും,തസ്ലീമ ആയാലും,റുഷ്ദി ആയാലും, ഞാനോ,മറ്റേതെങ്കിലും കലാകാരനോ ആയാലും ഞാന്‍ എതിര്‍ക്കുകതന്നെ ചെയ്യും.

ഈ ഒറ്റ രചനയില്‍ ഹുസ്സൈനും,തസ്ലീമയും,റുഷ്ദിയും എല്ലാവരും വരണമായിരുന്നു എന്ന് വാശി പിടിക്കുന്നവര്‍ക്ക് തന്നെ അറിയാം അത് നടക്കാത്ത കാര്യമാണെന്ന്.

ലോകത്തുള്ള ഒട്ടു മിക്ക ചിത്രകാരും മനുഷ്യരുടെ നഗ്നരൂപങ്ങള്‍ വരക്കാറുണ്ട്. ഒരു മനുഷ്യസ്ത്രീയുടെ നഗ്നരൂപം വരച്ചാല്‍ പ്രതിഷേധിക്കണമെന്നാര്‍ക്കും തോന്നാറില്ല.ആരുടേയും വികാരങ്ങള്‍ ഒട്ടു വ്രണപ്പെടാറുമില്ല.എന്തുകൊണ്ട്?അപ്പോള്‍ ദൈവങ്ങള്‍ മനുഷ്യരാല്‍ സംരക്ഷിക്കപ്പെടേണ്ടവരും,മനുഷ്യര്‍ അങ്ങിനെ അല്ലാത്തവരും എന്നാണോ കരുതേണ്ടത്?

ഈ കവിതയുടെ ചര്‍ച്ചയില്‍ കവിതയെ വിമര്ശിക്കുന്നതിലേറെ കവിയെ പഴി പറഞ്ഞു.എനിക്കു പരിഭവമില്ല.ഈ രചനയില്‍ക്കൂടി എനിക്ക് കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേല്‍ പണ്ടെങ്ങുമില്ലാത്തവണ്ണം ഇക്കാലത്തുണ്ടായിട്ടുള്ള കടന്നുകയറ്റത്തെ കുറിച്ച് ഇത്രയെങ്കിലും ചര്ച്ചകൊണ്ടുവരാന്‍ കഴിഞ്ഞല്ലോ.ഞാന്‍ കൃതാര്ഥയാണ്.