ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Thursday, November 3, 2011

പ്രണയം (കഥ)


ഞെട്ടി ഉണര്‍ന്നത് വിയര്‍ത്തു മുങ്ങിയാണ്.എന്തോ ദുസ്വപ്നം കണ്ടു.തൊണ്ട വരണ്ടിരിക്കുന്നു. പതിവുപോലെ കട്ടിലിനടിയിലേക്ക്‌ കൈനീട്ടി.വെള്ളം നിറച്ച ജഗ്ഗ് കാണാനില്ല. ആകെ ഒരു വിഭ്രാന്തി. ഞാന്‍ എവിടെയാണ്! സമയം എന്തായിക്കാണും?തലയിണക്കടിയില്‍ തപ്പി നോക്കി.ഭാഗ്യം, മൊബൈല്‍ ഫോണ്‍ അവിടെ തന്നെയുണ്ട്‌.സമയം രണ്ടര.പെട്ടന്നാണ് മൊബൈല്‍ ഫോണിലെ ടവര്‍ നാമം ശ്രദ്ധിച്ചത്
ആദി കടലായി !
ഇപ്പോഴോര്‍മ്മ വരുന്നു. ഇന്നലെ വൈകുന്നേരം ഇവിടെ എത്തിയതാണല്ലോ,ആദികടലായിയിലെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍.
കടലിനഭിമുഖമായി നില്ക്കുന്ന റിവര്‍ വ്യൂ റിസോര്‍ട്ട്.
കണ്ട സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ഓര്‍മ്മ വരുന്നില്ല. പ്രിയപ്പെട്ട ആര്‍ക്കോ എന്തോ പറ്റിയെന്നൊരു തോന്നല്‍.ഇല്ല, ഒന്നും വ്യക്തമായി ഓര്‍മ്മ വരുന്നില്ല.
ജനല്‍ തുറന്നു.തണുത്ത കാറ്റിനൊപ്പം കടലിന്റെ ശബ്ദവും മുറിയിലേക്ക് അടിച്ചു കയറി.
നിലാവ് കാര്യമായിട്ടില്ല.കറുത്തപക്ഷത്തിന്റെ മധ്യമാണെന്നു തോന്നുന്നു.നാട്ടുവെളിച്ചത്തില്‍ ആകാശവും കടലും പരസ്പരം വേര്‍തിരിക്കാന്‍ ആവാതെ ഒന്നായതു പോലെ.
തണുപ്പേറ്റ് മൂക്ക് അടയുന്നുണ്ട്‌.കമ്പിളി ഷാള്‍ എടുത്തു തലവഴി മൂടി ജനാലക്കരികെ കസേര വലിച്ചിട്ടിരുന്നു.
തിരകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറുന്നു.പണ്ട് ബ്ലോഗില്‍ എഴുതിയ വരികള്‍ ഓര്ത്തു:
സ്വന്തം പ്രേമിയായ കരയെ കണ്ടു മടങ്ങുന്ന കടല്‍, തെല്ലുദൂരം ചെല്ലുമ്പോള്‍ വിരഹം താങ്ങാനാവാതെ വീണ്ടും കരയെ തേടി ഓടിയെത്തി കെട്ടിപ്പുണരുന്നു.കാലാതിവര്‍ത്തിയായി തുടരുന്നൂ ഈ പ്രണയവും വിരഹവും പുന: സമാഗമവും...
പെട്ടന്നാണ് സന്ധ്യക്ക്‌ കണ്ട അഴിമുഖത്തെ കുറിച്ചോര്‍മ്മ വന്നത്.
കടല്‍ക്കരയില്‍ ഓരം ചേര്‍ന്ന്‌ കിടക്കുന്ന ചെറിയ ജലാശയം. അത്‌ പുഴയാണെന്നും കടലില്‍ നിന്ന് അകറ്റിയതിന്റെ ദുഖത്താല്‍ വിരഹിണിയാണ് അവളെന്നും പറഞ്ഞു തന്നപ്പോള്‍ അദ്ദേഹം വാചാലനായി. വിരഹം താങ്ങാനാവുന്നതിലും അധികമാകുമ്പോള്‍ മണല്‍തിട്ട വകവയ്ക്കാതെ പുഴ തന്റെ പ്രേമേശ്വരനായ കടലിലേക്ക്‌ ഒഴുകി ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ ചുറ്റിലും കാണുന്ന മനുഷ്യരിലും ജീവ ജാലങ്ങളിലും പ്രകൃതിയിലും സര്‍വ്വം പ്രണയം ദര്‍ശിക്കുന്ന അദ്ദേഹത്തിന്റെ കാല്പനികതയാണ് ഇതും എന്നെ കരുതിയുള്ളൂ.എന്നാല്‍ സന്ധ്യക്ക്‌ ആ ഒന്നാകലിനു സാക്ഷ്യം വഹിക്കാനായപ്പോള്‍ സന്തോഷംകൊണ്ടു ഞാന്‍ പ്രായം പോലും മറന്ന് ആര്‍ത്തു വിളിച്ചു. ഇപ്പോഴെന്തായീ എന്ന മട്ടില്‍ എന്നെ നോക്കി തുറന്നു ചിരിച്ചു കൊണ്ട്‌ അദ്ദേഹം എന്റെ ആവേശത്തില്‍ കൂട്ടു ചേര്ന്നു.കടലിനെ നോക്കി അര്‍ദ്ധഗര്‍ഭമായി ചിരിക്കുമ്പോള്‍ പ്രേമികളെ ആര്‍ക്കും അധികകാലം തടുത്തു നിര്‍ത്താനാവില്ലെന്ന് അദ്ദേഹം പതുക്കെ പറയുന്നുണ്ടായിരുന്നു.
അത്രനേരം റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ കടല്‍കാറ്റാസ്വദിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന മണല്‍തിട്ട നിമിഷ നേരം കൊണ്ട്‌ അടര്‍ന്നു വീഴുന്നതും പുഴയും കടലും തമ്മില്‍ ബന്ധിപ്പിച്ച നേര്‍ത്ത നീര്‍ചാല്‍ പരന്നു വലുതാകുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഉള്ളം സന്തോഷം കൊണ്ട്‌ വിങ്ങുകയായിരുന്നു.
ഇപ്പോള്‍ ആ അഴിമുഖം എങ്ങനെയുണ്ടാകും ? ‌പുഴയും കടലും ഇപ്പോഴും ഒന്നായലിഞ്ഞു കിടക്കുകയാവുമോ? അതോ രഹസ്യ സന്ദര്‍ശനത്തിനു ശേഷം മറ്റാരുമറിയാതെ രണ്ടുപേരും വീണ്ടും മണല്‍തിട്ടിന് ഇരുപുറവുമായി അകന്നു കഴിയുകയാവുമോ?ടോര്‍ച്ചെടുത്ത് ഒന്നു പോയി നോക്കിയാലോ ?
ടോര്‍ച്ചെടുക്കാനായി തിരിഞ്ഞപ്പോഴാണ് രാത്രി സൈലെന്റ് മോഡില്‍ ആക്കിയ മൊബൈല്‍ ഫോണിലെ ലൈറ്റ് കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്.മെസേജ് വന്നതാണ്. രാത്രിയില്‍ പോലും പരസ്യക്കമ്പനിക്കാര്‍ മെസേജുകള്‍ അയച്ച്‌ ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നു.ഇത് തടയുന്നതിന് ഏതോ നമ്പറില്‍ പരാതിപ്പെട്ടാല്‍ മതി എന്നൊക്കെ കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടതാണ്.ആ പത്രം തപ്പിഎടുത്ത് ഈ അനാവശ്യ മെസേജുകള്‍ വരുന്നത് എന്തായാലും തടയണം.ഫോണെടുത്തു നോക്കിയപ്പോളാണ് അദ്ദേഹത്തിന്റെതാണ് മെസേജ് എന്ന് മനസ്സിലായത്‌. ഇതെന്താ ഈ സമയത്ത് ഒരു മെസേജ്! ഇത് പതിവില്ലാത്തതാണല്ലോ !തെല്ലാകാംക്ഷയോടെയാണ് തുറന്നു വായിച്ചത്.
'എ ബാഡ് ന്യൂസ്,ഔര്‍ മുനീര്‍ അറ്റംറ്റഡ് സൂയിസൈഡ്. ഹോസ്പിറ്റലൈസ്ഡ് . ഐ ആം റഷിങ്ങ് റ്റു ദേര്‍.'
രാത്രി എട്ടുമണിക്ക് ശേഷം അവര്‍ രണ്ടുപേരും ഒരുമിച്ചാണല്ലോ ഇവിടെനിന്നു പോയത്.രാവിലെ എഴരക്ക്‌ എന്നെ കൂട്ടാന്‍ കാറുമായി വരാമെന്നും, ഏഴുമണിക്ക് ഒന്നു വിളിച്ചുണര്ത്തിയേക്കണം എന്നും പറഞ്ഞ്‌ അദ്ദേഹത്തോടൊപ്പം പോകുമ്പോള്‍ അവന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തോന്നിയതേയില്ലല്ലോ!
ഈശ്വരാ,ആ കുട്ടിക്ക് ഒന്നും വരുത്തരുതേ..
കണ്ണടച്ച് പ്രാര്‍ഥിച്ചു.
ഇന്നലെ ആദികടലായിയുടെ പഴയ ചരിത്രം അദ്ദേഹം ആവേശത്തോടെ വിവരിച്ചു തരുമ്പോള്‍ ഇപ്പോഴത്തെ ആദി കടലായിയെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ അവനും കൂടെയുണ്ടായിരുന്നു.അകലെ പൊങ്ങിക്കാണുന്ന കറുത്ത പാറകളില്‍ നിറയെ ഇവിടെ മാത്രം കാണുന്ന കല്ലുമ്മേക്കായ എന്ന കക്കയിനത്തില്‍ പെട്ട ചെറിയ ഷെല്‍ഫിഷ്‌ ഉണ്ടെന്നും കടലില്‍ മുങ്ങി പാറകളില്‍ നിന്നും കല്ലുമ്മേക്കായ ശേഖരിക്കാന്‍ അവനും കൂട്ടുകാരും ചെറുവഞ്ചികളില്‍ പോകാറുണ്ട് എന്നും അവന്‍ അഭിമാനത്തോടെ പറഞ്ഞു.
അദ്ദേഹത്തിന്‌ മുനീര്‍ ഒരിക്കലും ഒരു ഡ്രൈവര്‍ അല്ല ,ഒരു സുഹൃത്തോ,സ്വന്തം അനുജനോ ആണ് എന്ന് തോന്നാറുണ്ട്.വിവാഹിതനാണെങ്കിലും ഭാര്യയും കുട്ടികളും അവരുടെ വീട്ടിലാണെന്നും മുനീര്‍ ഒറ്റക്കാണ് താമസമെന്നും സംഭാഷണത്തില്‍ മനസ്സിലായി.
മൊബൈല്‍ ഫോണില്‍ വീണ്ടും മെസേജിന്റെ ലൈറ്റ് കത്തി.ആകാംക്ഷയോടെ തുറന്നു.
'പേടിക്കണ്ട,ബോധം വന്നിട്ടില്ല,എങ്കിലും സമയത്ത് എത്തിച്ചതിനാല്‍ അപകടനില ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.നീ ഉറങ്ങിക്കോളൂ...'
കണ്ണടച്ച് ഈശ്വരന് നന്ദി പറഞ്ഞു.
ഇന്നിനി ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.അഴിമുഖം കാണാനുള്ള ഉത്സാഹവും കെട്ടു.
വാതില്‍ തുറന്ന്,കസേര പുറത്തെടുത്തിട്ട്‌ ഇരുന്നു.രാത്രിയുടെ നിശബ്ദതയില്‍ തിരമാലകളുടെ ശബ്ദം ഒരാരവംപോലെ തോന്നി.തണുപ്പ് ഏറെ ഇഷ്ടമാണെങ്കിലും ഇന്ന് താങ്ങാനാവുന്നില്ല.പ്രായം ഏറുന്നതിനാലാണോ മനസ്സ് അസ്വസ്ഥമായതിനാലാണോ എന്നറിയില്ല.അകത്ത്‌ കയറി വാതിലും ജനലും അടച്ചു.വാച്ചില്‍ നോക്കി, മൂന്നര.ബാഗ് തുറന്ന് തലേദിവസം ട്രെയിനില്‍ ഇരുന്നു വായിച്ചിരുന്ന പുസ്തകം എടുത്തു. വായിച്ചു നിര്‍ത്തിയ പേജ് തുറന്ന് അല്‍പ നേരം ഇരുന്നെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. പുസ്തകം അടച്ചു വച്ച് ലൈറ്റ് കെടുത്തി കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല.
ഡോര്‍ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്.വെളിച്ചം മുറിയില്‍ നിറഞ്ഞിരിക്കുന്നു. സമയം ഏറെയായി എന്ന് തോന്നുന്നു.വാച്ചെടുത്തു സമയം നോക്കി. എട്ടര. ഓ, ഇത്രനേരം ഉറങ്ങിയോ!
ഡോര്‍ ബെല്‍ വീണ്ടും.
വേഗം ചെന്ന് വാതില്‍ തുറക്കുമ്പോള്‍ തുറന്ന ചിരിയുമായി അദ്ദേഹം. പിന്നില്‍ നില്ക്കുന്ന റൂം ബോയിയോട് എന്താണ്‌ നേരത്തെ വിളിക്കാത്തത് എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന്‍ പറഞ്ഞു
' കാലയിലെ കൂപ്പിട വേണ്ട, തൂങ്കട്ടും എന്ന് സാറ് ഫോണ്‍ വിളിച്ചു ചൊല്ലിയിരുന്നു. അതിനാലെ താന്‍ കൂപ്പിടല്ലൈ.'
'അടെയ് മുത്തുചാമി, നീ നന്നാ മലയാളം പേശറതേ!' അദ്ദേഹം അവനെ അഭിനന്ദിച്ചു.പറഞ്ഞത്‌ ശുദ്ധമലയാളമാണെന്ന് അവന്‍ വിശ്വസിച്ചു കാണും.ആള്‍ക്കാരെ അപ്പോള്‍ വായില്‍ വരുന്ന പേര് വിളിക്കുന്നത്‌ അദ്ദേഹത്തിന്‌ ഒരു രസമാണ്. പ്രായമായ ചായക്കടക്കാര്‍ എല്ലാവരും അംബ്വേട്ടന്‍ ആണ്. അപൂര്‍വ്വം ചിലര്‍ ഈ വിളികേട്ട് ദേഷ്യംപിടിച്ച രസകരമായ അനുഭവങ്ങളും ഉണ്ടാകാറുണ്ട്.
ചായയുടെ ട്രേ മേശപ്പുറത്തു വച്ച് പയ്യന്‍ പോയി.
'വേഗം ഫ്രഷ്‌ ആയി വാ, ഞാന്‍ ചായ എടുക്കാം.' അദ്ദേഹം ചായ രണ്ട്‌ കപ്പുകളിലേക്ക് പകര്‍ന്നു കൊണ്ട്‌ പറഞ്ഞു.
ചായ കുടിക്കുമ്പോള്‍ മുഖം ഗൌരവമായിരിക്കുന്നത് ശ്രദ്ധിച്ചു.
'പെട്ടന്ന് റെഡി ആകാമെങ്കില്‍ നമുക്ക് ആശുപത്രിയില്‍ പോകാം. അവന് ബോധം തെളിഞ്ഞു.കയ്യില്‍ എട്ട്‌ സ്റ്റിച്ചുണ്ട്.'
വേഗം കുളിച്ച് റെഡിയായി ഇറങ്ങി.കാറില്‍ വച്ച് തന്നെ അവന്റെ കഥ ചുരുക്കി പറഞ്ഞു.
' ഹിന്ദി പ്രണയ സിനിമകളെ വെല്ലുന്ന ലവ് സ്റ്റോറിയാണ് .കൌമാര പ്രായത്തില്‍ തുടങ്ങിയ ഒരു പ്രണയം ഉണ്ടായിരുന്നു മുനീറിന് .അവന് ഇരുപതും പെണ്‍കുട്ടിക്ക് പതിനെട്ടും വയസ്സുള്ളപ്പോള്‍ അവര്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു വിവാഹിതരായി. ആദ്യത്തെ ആവേശമടങ്ങിയപ്പോഴാണ്‌ എങ്ങനെ ജീവിക്കുമെന്നതിനെപ്പറ്റി രണ്ടുപേരും ഗൌരവമായി ചിന്തിക്കുന്നത്. അങ്ങനെ നാളുകള്‍ക്കു ശേഷം അവന്‍ ഗള്‍ഫിലേക്ക് പോയി. ആദ്യമാദ്യം കത്തുകള്‍ മുറക്ക് വന്നിരുന്നെങ്കിലും ക്രമേണ അവളുടെ കത്തുകള്‍ വരാതെയായി. കാര്യമന്വേഷിച്ചു നാട്ടിലെത്തിയ അവനെ കാണാന്‍ അവള്‍ വിസമ്മതിച്ചു.മുനീറിന് മയക്കു മരുന്ന് ഉപയോഗമുണ്ടെന്നോ മറ്റോ വീട്ടുകാര്‍ പറഞ്ഞ് അവളുടെ മനസ്സ് മാറ്റിയതാണെന്നാണ് അവന്‍ പറയുന്നത്‌,അവന്റെ കൂടെ ഇനി ജീവിക്കണ്ട എന്ന് അവള്‍ കോടതിയില്‍ പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ അവളുടെ വിവാഹവും കഴിഞ്ഞു.കുറച്ചുകാലം അവളെ കൊല്ലണമെന്ന പ്രതികാരവുമായി നടന്നെങ്കിലും പതുക്കെ അവനും മറ്റൊരു വിവാഹം കഴിച്ചു.അവനെക്കുറിച്ച് അന്ന് അറിഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ അറിഞ്ഞു. രണ്ടുപേരും വീണ്ടും അടുപ്പത്തിലായി.ഇതറിഞ്ഞ മുനീറിന്റെ ഇപ്പോഴത്തെ ഭാര്യ കുട്ടികളെയും കൊണ്ട്‌ സ്വന്തം വീട്ടിലേക്ക് പോയി.അവന്റെ കാമുകിയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവ് അടുത്ത ലീവിന് വന്നാലുടന്‍ അവര്‍ തമ്മില്‍ പിരിയാനും ഇവര്‍ ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചിരിക്കുകയായിരുന്നു. ഇത്രയുമാണ് ഇന്നലെ വരെയുള്ള കഥകള്‍.അതിനിടയില്‍ എന്തിനാണ് അവന്‍ ഇന്നലെ ഈ കടും കൈ ചെയ്തത് എന്നറിയില്ല.' അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഞാന്‍ ഒരു സിനിമാ കഥ കേട്ടിരിക്കുന്ന ഉദ്വേഗത്തില്‍ കേട്ടിരുന്നു.
കാര്‍ ആശുപത്രിയിലേക്ക് കയറുമ്പോള്‍ ഗെയ്റ്റിനു പുറത്തു നില്ക്കുന്ന നന്നായി വസ്ത്രധാരണം ചെയ്ത പെണ്‍കുട്ടിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു ' അതാണ്‌ അവന്റെ ഇപ്പോഴത്തെ ഭാര്യ.' കാണാന്‍ നല്ല ചന്തമുള്ള ഒരു പെണ്‍കുട്ടി.ദുഖത്തെക്കാള്‍ ഏറെ അവിടെ വന്ന് നില്‍ക്കേണ്ടി വന്നതിന്റെ അസഹിഷ്ണുതയാണ് അവളുടെ മുഖത്ത്‌ നിഴലിച്ചത്.
ആശുപത്രിക്കിടക്കയില്‍ കൈത്തണ്ടയില്‍ അപ്പോഴും രക്തം കിനിക്കുന്ന ബാന്റെജുമായി കിടക്കുന്ന അവന്റെ മുഖം ഞങ്ങളെ കണ്ടപ്പോള്‍ വിവര്‍ണ്ണമായി.കട്ടിലില്‍ അവന്റെ അടുത്തിരുന്ന അദ്ദേഹം വാത്സല്യത്തോടെ തലയില്‍ തഴുകിയപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞു.ഞാനവന്റെ കയ്യില്‍ മൃദുവായി തലോടി.മിണ്ടണ്ട, അവന്‍ കരയട്ടെ എന്ന് അദ്ദേഹം ആംഗ്യം കാട്ടി.
'ഇനി പറയ്‌,എന്തിനാണ് നീ ഈ കടും കൈ ചെയ്തത്? മരിക്കാന്‍ വേണ്ടിയോ അതോ ആരെയെങ്കിലും പേടിപ്പിക്കാന്‍ വേണ്ടിയോ?' അവന്റെ കരച്ചില്‍ അടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു.
ആ ചോദ്യം കേട്ട് അവന്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു ' ഞാന്‍ ശെരിക്കും ചാവാന്‍ വേണ്ടി തന്നെ ചെയ്തതാ.അന്ന് ഓള്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഇണ്ടായിരുന്നീന് .അന്ന് ഓള് ജട്ജീന്റെ മുന്നില് വച്ച് എന്റെ ഒപ്പരം പോരണ്ടാന്നു പറഞ്ഞീന് .ഇന്ന് ഓള്‍ക്ക് വേറെ കെട്ട്യോനും കുട്ട്യോളും ഇണ്ട്. ഓള് ഇനീം എന്റെ ഒപ്പരം വരൂല്ലാന്നു എനക്ക് തോന്നി. ഇന്നലെ കടപ്പുറത്ത് നിന്ന് ങ്ങള് രണ്ടാളും കടലിന്റെം പൊഴേടേം പ്രേമത്തെ കുറിച്ചു പറേണ കേട്ടപ്പോ,ങ്ങളെ രണ്ടാളേം കണ്ടപ്പോ മൊതല് തൊടങ്ങീതാ എന്റെ ഉള്ളില് ഒരു ഇത്.ഇനി ജീവിക്കണെങ്കി ഓള്‍ടെ കൂടെ, ഇല്ലെങ്കി ഇതങ്ങു തീര്‍ത്തേക്കാം എന്ന് തോന്നി.' കണ്ണീരിനിടയില്‍ക്കൂടി മുനീര്‍ ചിരിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്കാണ് പരസ്പരം നോക്കാന്‍ ആവാത്തത്.
'എന്റെ മോനെ, നീ കാണിക്കുന്ന ധൈര്യം എനിക്ക് കാണിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാണ്‌ എന്റെ ദുഃഖം' എന്റെ നേരെ നോക്കാതെ,പകുതി മുനീറിനോടും പകുതി ആത്മഗതവുമായി അദ്ദേഹം പതുക്കെ പറഞ്ഞു.
'ശ്ശൊ, രാവിലത്തെ തിരക്കില്‍ അഴിമുഖം നോക്കാന്‍ മറന്നു .ആ കള്ളക്കാമുകര്‍ ഇപ്പോഴും ഒന്നിച്ചാണോ, അതോ പകല്‍ വെളിച്ചത്തില്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ നല്ല കുട്ടികളായി തിട്ടിന് ഇരുവശത്തും കഴിയുകയാണോ ആവോ!' വിഷയം മാറ്റാനായി ഞാന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു പറഞ്ഞു.

അവര്‍ രണ്ടുപേരും എന്റെ ചിരിയില്‍ പങ്കുചേര്‍ന്നില്ല.

..........................................................