ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Thursday, October 26, 2017

സ്വാഗത ഗാനം

വരിക സഖാക്കളെ...
വരികെൻ സഖാക്കളെ...
നമ്മളീ നാടിന്റെ കാവലല്ലോ...
മത -ജാതി ഭൂതങ്ങൾ കൊലവിളിച്ചെത്തുമ്പോൾ അവരെത്തടുക്കുവാനാരുവേറെ !
//വരിക സഖാക്കളെ//

ദുഷ് പ്രഭുത്വത്തിന്റെ അടിവേരറുത്തവർ 
അരുതായ്മകൾക്കെതിരെ നമ്മേ നയിച്ചവർ
അന്നു തെളിയിച്ച വിപ്ലവാഗ്നി
നമുക്കിന്നും കെടാതെ ജ്വലിപ്പിച്ചു നിർത്തിടാം......
//വരിക സഖാക്കളെ//

പോരാട്ട വീഥിയിൽ പതറാതെ നിന്നവർ
നമ്മെ നാമാക്കുവാൻ ജീവൻ വെടിഞ്ഞവർ
ഹൃദയരക്തംകൊണ്ടു പ്രിയപതാകക്കന്നു വർണ്ണം കൊടുത്തവർ, അവരെ
സ്മരിക്ക നാം...

ഇൻക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
രക്തപതാക സിന്ദാബാദ്
രക്തസാക്ഷികളമരന്മാർ 
ജീവിക്കുന്നു, നമ്മളിലൂടെ

പടികടന്നെത്തുന്ന നവഫാസിസം
നെഞ്ചിലതിക്രൂരദംഷ്ട്രയാഴ്ത്താൻ പാഞ്ഞടുക്കവേ
അവരെ ചെറുക്കുവാൻ
അവരെ തുരത്തുവാൻ
അണിചേർന്നു നീങ്ങിടാം
വരിക സഖാക്കളേ.... 
വരിക സഖാക്കളേ....
വരിക സഖാക്കളേ....

ഇൻക്വിലാബ് സിന്ദാബാദ്....
സിപിഐ എം സിന്ദാബാദ്....
പാർട്ടി കോൺഗ്രസ്സ് സിന്ദാബാദ്...
ഏരിയ സമ്മേളനം സിന്ദാബാദ്‌...

Tuesday, October 24, 2017

സ്വതന്ത്ര

ഞാനോ സ്വതന്ത്ര !
----------------------------
ചന്തമായ്‌ മൂന്നു വര്‍ണ്ണങ്ങളൊന്നാക്കി 
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ 
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു  : 
'അമ്മേ, സ്വതന്ത്ര നീ.' 

ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ 
കാലില്‍ നിന്നും കിലുകിലാരവം? 
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്‌ 
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം . 

മണ്ണും വിണ്ണും കൽക്കരിപ്പാടവും 
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ്‌ നിരത്തിവക്കുന്നൊരീ 

കാട്ടുകള്ളന്മാർ നാടുവാഴുമ്പോൾ 

പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ 
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍ 
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍ 
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ

സ്വതന്ത്രയല്ല ,
ഞാന്‍  നോവുന്നൊരമ്മ. . . 

മക്കളെത്തമ്മിൽ തല്ലിപ്പിരിക്കുന്ന

സ്പർദ്ധയൂട്ടി വളർത്തിത്തളർത്തുവാൻ  
മത്സരിക്കുന്ന ജാതി -മതങ്ങൾ തൻ 
താഡനമേറ്റെൻ നെഞ്ചകം നീറുന്നു .

ജാതിഭേദങ്ങളില്ലാതെ മർത്യരെ 
തുല്യരായിക്കരുതി പരസ്പരം 
സോദരരായ്  കഴിയാൻ 
ഗുരു തന്ന സ്നേഹമന്ത്രം 
ചുവരെഴുത്തായ് മാറി 
 
പ്രാണവായുവിനായിക്കിടാങ്ങൾ തൻ ദീനരോദനമെങ്ങു മുയർന്നതും
ആർത്തലക്കുന്ന മാതൃവിലാപത്താൽ
ആതുരാലയം വിങ്ങിവിറച്ചതും

കാവി വേഷമണിഞ്ഞ കാട്ടാളരെ
വാക്കുകൊണ്ടുതടയാൻ തുനിഞ്ഞോർ തൻ
ചോര കൊണ്ടു തൊടുകുറി ചാർത്തിയെൻ
മേനിപോലും വികൃതമാക്കുന്നിവർ !

എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുന്നു !

എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുമ്പോൾ

കരളു കത്തുന്നു ,സ്വതന്ത്രയല്ലിന്നു ഞാൻ 

ആധിയേറുന്നു ,ഉള്ളം പിടയുന്നു .

പേടികൂടാതെ പെണ്‍മക്കൾ സ്വതന്ത്രരായ് ,
സ്വച്ഛചിത്തരായ് മേവുന്ന നാൾ, എന്റെ 
കാട്ടുമക്കൾ മനുഷ്യരായ് വാഴുന്ന ,

മതങ്ങളേ റ്റിയ മതിലുകൾക്കപ്പുറം ,
മടിശ്ശീലതന്റെ വലിപ്പത്തിനപ്പുറം

ദേശ ,ഭാഷകളതിരുകൾ തീർക്കാത്ത 
സ്നേഹ പാശത്താൽ നിങ്ങൾ പരസ്പരം 
ബന്ധനസ്തരാകുന്നൊരാ നാളെന്ന് ,

അന്നുമാത്രമാണമ്മ സ്വതന്ത്ര

അന്നു മാത്രമീയമ്മ സ്വതന്ത്ര

--------------------------------------